Wednesday, July 15, 2009

എങ്ങനെ ഒരു വീഡിയോയ്ക്കു സബ്ടൈറ്റിൽ നൽകാം



സീഡിയിൽ നിന്നോ ഡിവിഡിയിൽ നിന്നോ കൺ‌വർട്ട് (റിപ്പ്) ചെയ്ത ഒരു സിനിമാ കാണുമ്പോൾ അതിൽ സബ്ടൈറ്റിൽ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടില്ലേ. പ്രത്യേകിച്ച് ഇംഗ്ലീഷ് സിനിമകൾ. മെട്രിക്സ് അല്ലെങ്കിൽ ട്രാ‍ൻസ്ഫോർമർ പോലെയുള്ള സിനിമകൾ സബ്ടൈറ്റിൽ ഇല്ലാതെ കാണുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. നേരേ ചൊവ്വേ ഇംഗ്ലീഷ് മനസിലാവുന്നവരുടെ കാര്യമല്ല ഉദ്ദേശിച്ചത്. എങ്കിലും ഒരു ഇംഗ്ലീഷ് സിനിമയോ ഡോക്യുമെന്ററിയോ സബ്ടൈറ്റിലോടെ കാണുന്നതിന്റെ ഒരു സുഖം അതൊന്നു വേറെ തന്നെയാണ്. ഇനി മുതൽ സബ്ടൈറ്റിൽ ലഭ്യമല്ലാത്ത സിനിമകൾ സബ്ടൈറ്റിലോടെ ആസ്വദിച്ചു തന്നെ കാണാം. അതിനായി ചെയ്യേണ്ട ചില നുറുങ്ങു വിദ്യകൾ പറയാം.

(DivX,Xvid,MP4,VOB(DVD) എന്നീ ഫോർമാറ്റിലുള്ള മൂവി ഫയലുകൾ ഇതുപോലെ സബ്ടൈറ്റിലിങ്ങ് ചെയ്യാവുന്നതാണ്)

രണ്ടു രീതിയിൽ നമ്മൾക്ക് ഒരു മൂവി ഫയലിൽ സബ്ടൈററ്റിലുകൾ ചേർക്കാവുന്നതാണ്. ഒന്നാമതായി ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ സഹായത്താൽ മൂവി പ്ലേ ചെയ്യുന്നതിനൊപ്പം ഓവർലേ (Overlay) ആയി സബ്ടൈറ്റിലുകൾ നൽകാം.ഈ രീതിയുടെ ഒരു ഗുണം ഏത് ഭാഷയിലെ സബ്ടൈറ്റിലുകൾക്കൊപ്പവും മൂവി പ്ലേ ചെയ്യാം എന്നതാണ് മൂവി ഫയലിനൊപ്പം തന്നെ സബ്ടൈറ്റിൽ ഒരുമിച്ച് ചേർത്ത് ഒറ്റ ഫയലാക്കുന്ന മറ്റൊരു രീതിയും നിലവിലുണ്ട്. ഒരു ഭാഷയിലെ സബ്ടൈറ്റിൽ മാത്രമേ പ്ലേ ചെയ്യുവാൻ സാധിക്കൂ എന്നതാണ് ഇവിടെ വരുന്ന ഒരു കുഴപ്പം. എന്നാൽ ഒരു കമ്പ്യൂട്ടറിലോ ഹാർഡ്‌വെയർ പ്ലേയറുകളിലോ ഒരുപോലെ ഇവ പ്രവർത്തിക്കും എന്നതാണ് ഈ രീതിയുടെ ഒരു മെച്ചം.

മൂന്ന് കാര്യങ്ങളാണ് ഇതിനായി ആവശ്യമുള്ളത്. മൂവി ഫയൽ (DivX,Xvid,MP4,VOB ഫോർമാറ്റിലുള്ളത്), മേൽ‌പ്പറഞ്ഞ മൂവിയുടെ സബ്ടൈറ്റിൽ ഫയൽ, ഓവർലേ ചെയ്യുവാൻ സഹായിക്കുന്ന ഒരു പ്രോഗ്രാം. ഇതിൽ ഓരോന്നും എന്താണെന്ന് നോക്കാം.

മൂവി ഫയൽ - DVD യിൽ നിന്നോ CD യിൽ നിന്നോ കൺ‌വർട്ട് ചെയ്തെടുത്ത വീഡിയോ ഫയൽ.

സബ്ടൈറ്റിൽ ഫയൽ - സാധാരണ മൂവി ഡിവിഡി ഡിസ്കിനുള്ളിൽ ഈ ഫയൽ കാണപ്പെടും. .SRT എന്ന എക്സ്ടെൻഷനോടുകൂടിയ ഒരു ഫയലാണ് ഇത്. ഈ ഫയലിന്റെ സഹായത്തോടെയാണ് DVD പ്ലേയറുകളും കമ്പ്യൂട്ടറിലെ മീഡിയാപ്ലേയിങ്ങ് പ്രോഗ്രാമുകളും സബ്ടൈറ്റിലുകൾ കാണിക്കുന്നത്. ടോറന്റുകൾ വഴിയും മറ്റും ഡൌൺലോഡ് ചെയ്തെടുക്കുന്ന മൂവികൾക്കൊപ്പം,മൂവി ഫയലിന്റെ അതേ പേരിൽ തന്നെ .SRT എന്ന എക്സ്ടെൻഷനോടു കൂടി ഈ ഫയലും സാധാരണ കണ്ടുവരാറുണ്ട്. ഇനി കൈവശമുള്ള വീഡിയോയുടെ സബ്ടൈറ്റിൽ ഫയൽ ഇല്ലെന്നിരിക്കട്ടേ അതിനുമുണ്ട് പരിഹാരം. ഓപ്പൺസബ്ടൈറ്റിൽ എന്ന സൈറ്റിൽ നിന്നും ഒട്ടുമിക്ക സിനിമകളുടേയും ഡോക്യുമെന്ററികളുടേയും സബ്ടൈറ്റിലുകൾ സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഓവർലേ പ്രോഗ്രാം- വീഡിയോ പ്ലേ ചെയ്യുന്നതിനൊപ്പം സബ്ടൈറ്റിൽ ഡിസ്പ്ലേ ചെയ്യുവാൻ സഹായിക്കുന്ന പ്രോഗ്രാമാണിത്. ചില മീഡിയാ പ്ലേയിങ്ങ് പ്രോഗ്രാമുകളിൽ തന്നെ ഈ സംവിധാനം ലഭ്യമാണ്.

ഇനി ഓവർലേ രീതിയിൽ സബ്ടൈറ്റിൽ ചെയ്യുന്ന രണ്ട് പ്രോഗ്രാമുകളെ പരിചയപ്പെടാം.

ഡയറക്ട് വിഓബി സബ് (DirectVobSub): - കമ്പ്യൂട്ടറിന്റെ സിസ്റ്റം ട്രേയിൽ നിന്ന് പ്രവർത്തിക്കുന്നതും വളരെ ലളിതവുമായ ചെറിയ ഒരു പ്രോഗ്രാമാണിത്. ഈ രീതിയിൽ സബ്ടൈറ്റിലുകൾ കാണിക്കുന്നതിനായി നമ്മൾ ആകെ ചെയ്യേണ്ടത് പ്രോഗ്രാം ആദ്യം റൺ ചെയ്തതിനുശേഷം കൈവശമുള്ള സബ്ടൈറ്റിൽ ഫയൽ (.srt) വീഡിയോ ഫയലിന്റെ അതേ പേരിൽ തന്നെ വീഡിയോ ഫയൽ കിടക്കുന്ന ഫോൾഡറിൽ കോപ്പി ചെയ്തു വെയ്ക്കുക എന്നതു മാത്രമാണ്. ഇനി ഏതെങ്കിലും വീഡിയൊ പ്ലേയിങ്ങ് സോഫ്റ്റ്‌വെയർ പ്രൊഗ്രാം ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യുമ്പോൾ
ഡയറക്ട് വിഓബി സബ് തനിയേ സബ്ടൈറ്റിൽ ഫയൽ തിരിച്ചറിഞ്ഞ് റെൻഡർ ചെയ്തുകൊള്ളും. ഏത് വീഡിയോ പ്ലേയർ പ്രോഗ്രാമിനൊപ്പവും പ്രവർത്തിപ്പിക്കാം എന്നതാണ് ഈ രീതിയുടെ പ്രത്യേകത.

KLite Codec Pack പോലെയുള്ള ഇന്നു ലഭ്യമായ എല്ലാ പ്രധാനപ്പെട്ട വീഡിയോ കോഡക്ക് പാക്കുകളിലും (Codec) ഡയറക്ട് വീഡിയോ സബ് ഉൾപ്പെടുത്തിയിട്ടുണ്ട്.

വി.എൽ.സി മീഡിയാ പ്ലേയർ (VLC Media Player) : ഇന്ന് ലഭ്യമായതിൽ‌വെച്ച് ഏറ്റവും നല്ല മീഡിയോ പ്ലേയിങ്ങ് സോഫ്റ്റ്‌വെയറുകളിൽ ഒന്നാണ് വി.എൽ.സി പ്ലേയർ. ഈ പ്ലേയറിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിൽ ഒന്നാണ് സബ്ടൈറ്റിൽ ഓവർലേ ചെയ്യുവാനുള്ള അതിന്റെ കഴിവ്. ഒരു വീഡിയോ ഫയൽ പ്ലേ ചെയ്യുമ്പോൾ അതേ ഫോൾഡറ്റിൽ വീഡിയോയുടെ അതേ പേരിൽ തന്നെ സബ്ടൈറ്റിൽ ഫയൽ ഉണ്ടെങ്കിൽ വി.എൽ.സി പ്ലേയർ അതിന്റെ തനിയേ റെൻഡർ ചെയ്തുകൊള്ളും.

ഓപ്പൺസബ്ടൈറ്റിൽ സൈറ്റിൽ നിന്നും ഒരു വീഡിയോയുടെ സബ്ടൈറ്റിൽ ഫയൽ ഡൌൺലോഡ് ചെയ്തു പ്ലേ ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകൾ കാണാം


ഇങ്ങനെ ഡൌൺലോഡ് ചെയ്ത zip ഫയൽ extract ചെയ്ത് അതിൽ നിന്നും .srt extension ഉള്ള ഫയൽ എടുത്ത് വീഡിയോ കിടക്കുന്ന ഫോൾഡറിൽ വീഡിയോയുടെ അതേ പേരിൽ ഇട്ടിരിക്കുന്നു.



ഇത്രയുമായാൽ വി.എൽ.സി പ്ലേയറോ മീഡിയാപ്ലേയർ ക്ലാസിക്കോ ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യാവുന്നതാണ്.

സബ്ടൈറ്റൽ നൽകുന്നതിനായുള്ള മറ്റൊരു രീതിയാണ് സബ്ടൈറ്റിൽ ബേണിങ്ങ് (Subtitle Burning). മറ്റൊരു പോസ്റ്റിൽ അതിനെ കുറിച്ച് വിശദമായി പറയാം.

9 comments:

വാഴക്കോടന്‍ ‍// vazhakodan said...

കഥയറിയാതെ എന്ത് മാത്രം ആട്ടം കണ്ടതാ! ഇനി അതിനും സമ്മതിക്കില്ല അല്ലെ? കൊള്ളാം ഒന്ന് ശ്രമിക്കട്ടെ :)

കണ്ണനുണ്ണി said...

കുറെ പുതിയ കാര്യങ്ങള്‍ പറഞ്ഞു തന്ന പോസ്റ്റ്‌...
കൊള്ളാം മാഷെ

ശ്രീ said...

തീര്‍ച്ചയായും ഉപകാരപ്രദം തന്നെ. നന്ദി മാഷേ

ആർപീയാർ | RPR said...

വാഴേ:

ഞാനും കുറെ കണ്ടതാ. സബ്ടൈറ്റിൽ ഇട്ടിട്ടുകൂടി ചിലതൊന്നും ഇതുവരെ ഒന്നും മനസിലായിട്ടില്ല !!

കണ്ണനുണ്ണി, ശ്രീ:

ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.

K.V Manikantan said...

വീഡിയോ ഫയലും, സബ് ടൈറ്റില്‍ ഫയലും ഉണ്ട്. കമ്പ്യൂട്ടറില്‍ ഓക്കേ. പക്ഷേ അതു ഒരു ഡീവിഡിയില്‍ കോപ്പി ചെയ്ത് മറ്റൊരാള്‍ക്ക് (കമ്പ്യൂട്ടറില്‍ അല്ലാതെ ടീവിയില്‍കാണാന്‍) കൊടുക്കുമ്പോള്‍ ഈ സബ്ടൈറ്റില്‍ ടീവിയിലും വരാന്‍ എന്തു ചെയ്യും? ന്യൂറോയില്‍, മേക്ക് ഡീവിഡി ഫിലിം എന്നു ഇട്ട് ബേണ്‍ ചെയ്യുമ്പോള്‍ എസ്.ആര്‍.ടി ഫയല്‍ ആഡു ചെയ്യാന്‍ പറ്റുന്നില്ല. ഇതിനു ചെയ്യേണ്ടതെന്താണെന്നു പറഞ്ഞു തരാമോ?

ആർപീയാർ | RPR said...

സങ്കുചിതാ,

അതിനു മറ്റൊരു മാർഗം ഉണ്ട്. അതിനെ പറ്റി ഒരു പോസ്റ്റ് തയാറാക്കുന്നുണ്ട്. ഉടൻ തന്നെ പബ്ലിഷ് ചെയ്യാം

hi said...

വളരെ നല്ല പോസ്റ്റ്‌... എസ ആര്‍ ടി ഫയല്‍ എന്നാല്‍ എന്താണെന്ന് അറിയാതെ ഞാന്‍ പലപ്പോഴും ഡിലീറ്റ്‌ ചെയ്തിട്ടുണ്ട് .. അത് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള സൈറ്റ്‌ പരിചയപ്പെടുത്തിയത് നന്നായി.. നന്ദി

ശുക്രൻ said...

വളരെ നന്ദി..

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

Opensubtitles maathramalla... subscene.com enna site um valare helpful aaanu....

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh