Thursday, April 9, 2009

11 വിവിധോദ്ദേശ്യ ലിനക്സുകൾലിനക്സിനേയും ഓപ്പൺ സോഴ്സിനേയും കുറിച്ച് സാധാരണക്കാർക്കിടയിൽ സാമാന്യ അവബോധം ഉണ്ടാക്കിയെടുക്കുക എന്നത് അത്ര നിസ്സാരമായ ഒരു കാര്യമല്ല. ചിരപരിചിതമായ വിൻഡോസിന്റെ ഹാങ്ങോവറിൽ നിന്ന് ഒരു മാറ്റം ആർക്കും അത്ര എളുപ്പവുമല്ല. ലിനക്സിനെ കുറിച്ച് സാധാരണക്കാർക്കുള്ള ഒരു പേടി അത് ടെക്നിക്കൽ എക്സ്പർട്ടൈസ് ഉള്ളവർക്ക് മാത്രമുള്ള ഒന്നാണെന്നും അതത്ര എളുപ്പം വഴങ്ങില്ല എന്നതുമാണ്. എന്നാൽ ആ കാലമൊക്കെ അവസാനിച്ചിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. പല മേഖലകളിലും ഇന്ന് ലിനക്സ് വിൻഡോസിനെ കവച്ച് വെച്ചിരിക്കുന്നു. റിലയബിലിറ്റി അധവാ സ്ഥിരത എന്ന വാക്കിന്റെ പര്യായമായി മാറിയിരിക്കുന്നു പുതു തലമുറയിലെ പല ലിനക്സ് ഡിസ്ട്രോകളും. ലോകമെമ്പാടും സെർവറുകളുടെ മാർക്കറ്റിൽ ഇന്ന് വിൻഡോസിനൊപ്പമോ അതിനേക്കാൾ മുകളിലോ ആണ് ഇന്ന് ലിനക്സിന്റെ സ്ഥാനം. എന്തിന് ഒരു ഡെസ്ക്ടോപ് കമ്പ്യൂട്ടറിലെ ലിനക്സ് ഇൻസ്റ്റലേഷൻ വരെ ഇന്ന് വിൻഡോസിനേക്കാൾ എളുപ്പമായിരിക്കുന്നു. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാനറിയാവുന്ന ഏതു സാധാരണക്കാരനും ഒരു ബുദ്ധിമുട്ടും ഇല്ലാതെ തന്നെ സ്വന്തമായി ചെയ്യാവുന്ന ഒന്നായി മാറിയിരിക്കുന്നു ഇന്നത്. ലിനക്സിനെ കുറിച്ച് കൂടുതൽ അറിയുവാനും അത് പരീക്ഷിച്ച് നോക്കുവാനും താല്പര്യപ്പെടുന്നവർക്കായി കുറച്ച് ഡിസ്ട്രിബ്യൂഷനുകളെ ഇവിടെ അവതരിപ്പിക്കുന്നു.

ലിനക്സിന്റെ ആയിരത്തിലധികം വിവിധ ഡിസ്ട്രിബ്യൂഷനുകൾ ഇന്ന് നമുക്ക് ലഭ്യമാണെന്നതാണ് കണക്കുകൾ. ഒരു പ്രത്യേകത, ഇത്തരത്തിൽ ഉള്ള പല ഡിസ്ട്രിബ്യൂഷനുകളും ഒരു നിശ്ചിത തരം ഉപയോഗത്തിനായി നിർമ്മിച്ചവയാണ് എന്നതാണ്. നിങ്ങൾ ഒരു വിദ്യാർഥിയോ, അദ്ധ്യാപകനോ, ഡിസൈനറോ, സിസ്റ്റം അഡ്മിനിസ്ട്രേറ്ററോ അതോ ഒരു പ്രത്യേക മത വിശ്വാസിയോ ആയിക്കൊള്ളട്ടേ നിങ്ങൾക്കായി ഒരു ഡിസ്ട്രിബ്യൂഷൻ ലിനക്സിൽ തീർച്ചയായും ലഭ്യമാണ്. ഇതു തന്നെയാണ് ലിനക്സിന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നും. ഇത്തരത്തിലുള്ള 11 തരം വ്യത്യസ്ഥ ലിനക്സുകളെ പരിചയപ്പെടാം.

ഇതിന്റെ ഉദ്ദേശ്യം വിവിധ ലിനക്സ് ഡിസ്ട്രോകളിൽ നിന്ന് മികച്ചവയെ കണ്ടെത്തുക എന്നതല്ല, മറിച്ച് വിവിധ മേഖലകളിലെ ഉപയോഗങ്ങൾക്കായി പ്രത്യേകം തയാറാക്കിയവയിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ടവ എന്ന് തോന്നിയവയെ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. ഈ ലിസ്റ്റിൽ ഉൾപ്പെടാതെപോയ എന്നാൽ നിങ്ങൾക്കറിയാവുന്നവ മറ്റുള്ളവർക്കായി തീർച്ചയായും പങ്കുവെയ്ക്കുക.

1. Qimo

കുട്ടികൾക്കായി (3+) കളിക്കാനും പഠിക്കാനുമുള്ള അനവധി ഫ്രീ സോഫ്റ്റ്‌വെയറുകൾ ഉൾപ്പെടുത്തിയ ഒരു മികച്ച ഡിസ്ട്രോയാണിത് കുട്ടികൾ ഉള്ളവർ ദയവായി ഒരിക്കലെങ്കിലും ഒന്നു പരീക്ഷിച്ച് നോക്കുക. ചെറിയ പ്രായത്തിലേ കുട്ടികൾക്ക് ലിനക്സിനോട് ഒരു ആഭിമുഖ്യം വളർത്താൻ ഇതുപകരിക്കും.

2. Edubuntu

സ്കൂളുകൾക്കും ക്ലാസ്‌റൂമുകൾക്കുമായി നിർമ്മിക്കപ്പെട്ട ഒരു ഡിസ്ട്രോയാണ് ഇത്.3. Parted Magic

നോർട്ടൺ പാർട്ടീഷൻ മാജിക്ക് എല്ലാവർക്കും പരിചിതമായ ഒരു പേരാണ്. അതേ ജോലി മികച്ച രീതിയിൽ ചെയ്യുന്ന ഒരു ആൾട്ടർനേറ്റീവാണ് Parted Magic. ഇതിൽ ഒട്ടനവധി ഫ്രീ ഡ്രൈവ് റിപ്പയർ ടൂളുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതൊരു ലൈവ് സിഡി ആയിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

4. Scientific Linux

രണ്ട് പ്രസിദ്ധ റിസർച്ച് സംവിധാനങ്ങളായ ഫെർമിലാബിന്റേയും CERN ന്റേയും ഒരു സംയുക്ത സംരഭമയി റെഡ്‌ഹാറ്റ് ലിനക്സ്നിന്റെ ഒരു വേരിയേഷൻ ആയാണ് ഇതു നിർമ്മിച്ചിരിക്കുന്നത്.പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ശാസ്ത്ര കുതുകികളായ ആളുകൾക്കും സ്ഥാപനങ്ങൾക്കും അനുയോജ്യമായ ഒരു ഡിസ്ട്രോയാണ് scientific linux. ഇനി നിങ്ങൾ Debian/Ubuntu വിൽ പരിചയമുള്ള ഒരാളാണെങ്കിൽ പരീക്ഷിക്കാവുന്ന ഒന്നാണ് Scibuntu.5. BackTrack

കമ്പ്യൂട്ടർ, ഇന്റർനെറ്റ് സെക്യൂരിററ്റി മേഖലകളിൽ ചെയ്യുന്ന ഒരു പ്രധാന സംഗതിയാണ് പെനിട്രേഷൻ ടെസ്റ്റിങ്ങ്. ഇത്തരം കാര്യങ്ങൾക്കായി ലിനക്സ് ഡിസ്ട്രോകളാണ് സാധാരണയാ‍യി ഉപയോഗിക്കാറുള്ളത്. ഇവയിൽ ഏറ്റവും പോപ്പുലറായ ഒരു ഡിസ്ട്രോയാണ് ബാക്ട്രാക്ക് അധവാ BT. മുന്നൂറിലധികം ടെസ്റ്റിങ്ങ് സോഫ്റ്റ്‌വെയറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊരു ലൈവ് സിഡി ആയതിനാൽ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ സിഡിയിൽ നിന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. BTയുടെ പുതിയ വേർഷൻ Ubuntu വിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

6. Ubuntu – CE / Ubuntu ME

a. ക്രിസ്ത്യൻ എഡിഷൻ - പാരന്റൽ കണ്ട്രോളു ക്രിസ്റ്റ്യൻ ഫ്രണ്ട്ലി ആപ്ലിക്കേഷനുകളും പ്രീ ഇൻസ്റ്റാൾ ആയി വരുന്ന ഉബുണ്ടുവിന്റെ വേറൊരു ഫ്ലേവർ.

b. ഇസ്ലാമിക എഡിഷൻ - ഉബുണ്ടുവിന്റെ ഇസ്ലാമിക സോഫ്റ്റ്‌വെയറുകൾ (നിസ്കാര സമയം, ഖുർ‌ആൻ പഠന സഹായികൾ, പാരന്റൽ കണ്ട്രോൾ എന്നിവ) എന്നിവ പ്രീ ഇൻസ്റ്റാൾ ചെയ്ത ഫ്ലേവർ.


7. Clonezilla

നോർട്ടൺ ഗോസ്റ്റ് പോലുള്ള ഡിസ്ക് ക്ലോണിങ്ങ് ടൂളുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരു മികച്ച ഡിസ്ട്രിബ്യൂഷനാണിത്.

8. Ubuntu Studio

ഉബുണ്ടുവിന്റെ വേറൊരു ഫ്ലേവറാണിത്. ഓഡിയോ വീഡിയോ ഗ്രാഫിക് ആപ്ലിക്കേഷനുകൾക്കാണ് ഇതിൽ പ്രാമുഖ്യം. ലിനക്സ് ലോകത്തെ ഏറ്റവും പ്രചാരമുള്ളതും മികച്ചതുമായ ഓപ്പൺ സോഴ്സ് ആപ്ലിക്കേഷനുകൾ ഇതിൽ ലഭ്യമാണ്. ഡിസൈനേഴ്സ് ശ്രദ്ധിക്കുക

9. SystemRescueCd

ട്രബിൾഷൂട്ടിങ്ങ്, റിപ്പയറിങ്ങ്, റിക്കവറി എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന, എതൊരു സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ഡിസ്ട്രോയാണിത്.


10. linuX-gamers

വളരെ പോപ്പുലറായ ലിനക്സ് ഗെയിമുകൾ പ്രീ ഇൻസ്റ്റാൾ ആയി വരുന്ന, ഒരു ഡിസ്ട്രോ. ഇൻസ്റ്റലേഷൻ ആവശ്യമില്ല. നേരിട്ട് സിഡി ഇട്ട് പ്രവർത്തിപ്പിക്കാം.


11. Mythbuntu

മൈക്രോസോഫ്റ്റ് വിൻഡോസ് മീഡിയാ സെന്റർ എഡിഷനു പകരമായി ഉപയോഗിക്കാവുന്ന ഒരു ഉബുണ്ടു ഫ്ലേവർ.


കടപ്പാട് : www.linuxhaxor.net


6 comments:

പാവപ്പെട്ടവന്‍ said...

വളരെ പ്രയോചന പരമായ ഒരു പോസ്റ്റ് വായനകാര്‍ക്ക് ഉപകരിക്കും .
ആശംസകള്‍

...പകല്‍കിനാവന്‍...daYdreamEr... said...

വളരെ നല്ല പോസ്റ്റ്.. നന്ദി സുഹൃത്തേ, തുടര്‍ന്നും പുതിയ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു...

പി.അനൂപ് said...

Informative...

ശ്രീ said...

നല്ല പരിചയപ്പെടുത്തല്‍ തന്നെ മാഷേ.

ഇതില്‍ പറഞ്ഞിരിയ്ക്കുന്നവ മിക്കതും പേരു കൊണ്ട് പരിചിതമാണെങ്കിലും പരീക്ഷിച്ചു നോക്കാന്‍ സാധിച്ചിട്ടില്ല, നോക്കണം... നോക്കിയിരിയ്ക്കും :)

എങ്കിലും സാധാരണ വിന്‍‌ഡോസ് യൂസേഴ്സിന് ആദ്യമായി മാറുമ്പോള്‍ ഏറ്റവും പ്രയോജനപ്പെടുക ഉബുണ്ടു’ തന്നെ ആണ് എന്ന് തോന്നുന്നു അല്ലേ? അതിന്റെ തന്നെ വിവിധ ഡിസ്ട്രിബ്യൂഷനുകളാണല്ലോ Edubuntu , Ubuntu – CE / Ubuntu ME, Ubuntu Studio, Mythbuntu എന്നിവയൊക്കെ.

പിന്നെ, അത്തരക്കാര്‍ക്ക് ഇഷ്ടമായേക്കാവുന്ന ഒന്നാണ് നമ്മുടെ സ്വന്തം ഗൂഗിളിന്റെ GOS എന്നാണ് എനിയ്ക്കു തോന്നുന്നത് (ആദ്യ വേര്‍ഷനല്ല; പുതിയത്)

അതു പോലെ തന്നെ വിന്‍‌ഡോസ് പരിചയമായവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന മറ്റൊന്നാണ് ലിനക്സ് എക്സ്‌പി.

ജുനൈദ് said...

നന്നായി, :)

ആർപീയാർ | RPR said...

ശ്രീ...

വിശദമായൊരു കമന്റിനു നന്ദി..

പിന്നെ gOS സാധാരണ കരുതുന്നതുപോലെ ഗൂഗിളിന്റെയല്ല. അത് good OS എന്ന പേരിൽ ഗൂഗിളിന്റെ പോപുലറായ ചില വെബ് ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തിയ ഒരു ഉബുണ്ടു ഡിസ്റ്റ്ട്രോ തന്നെയാണ്..

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh